Sunday, 3 August 2014

ഗസ്സയെ ശ്വാസംമുട്ടിച്ച് ‘നിരോധിത മേഖലകള്‍’

Published on Sat, 08/02/2014 - 17:45 ( 20 hours 45 min ago)

ഗസ്സയെ ശ്വാസംമുട്ടിച്ച് ‘നിരോധിത മേഖലകള്‍’
44 ശതമാനം ഭൂമിയില്‍നിന്ന് ഗസ്സക്കാര്‍ പുറത്ത് • അതിര്‍ത്തിയില്‍ മൂന്നു കിലോമീറ്റര്‍ വീതിയിലാണ് നിരോധിത മേഖലകള്‍
ഗസ്സ സിറ്റി: സംരക്ഷിത മേഖലകള്‍ എന്ന പേരില്‍ ഗസ്സയില്‍ ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച നിരോധിത മേഖലകള്‍ 18 ലക്ഷം വരുന്ന ജനസംഖ്യയെ ശ്വാസം മുട്ടിക്കുന്നു. ഗസ്സയില്‍ ഇസ്രായേല്‍ അതിര്‍ത്തികളോട് ചേര്‍ന്ന് മൂന്നു കിലോമീറ്റര്‍ വീതിയിലാണ് നിരോധിത മേഖലകള്‍ നിലവില്‍ വന്നത്. 44 ശതമാനം ഭൂമിയും ഇതോടെ ഗസ്സക്കാര്‍ക്ക് നഷ്ടമായതായി യു.എന്‍ വ്യക്തമാക്കുന്നു.
നിരോധിത മേഖലകളുടെ ഭീകരത ശരിക്കും അറിഞ്ഞത് കിഴക്ക് ശുജാഇയ്യയും വടക്ക് ബൈത് ഹാനൂനുമാണ്. മൂന്നാഴ്ച മുമ്പുവരെ തിരക്കുപിടിച്ച പട്ടണങ്ങളായിരുന്ന ഇവ രണ്ടും മൂന്നു കിലോമീറ്റര്‍ പരിധിയിലാണെന്ന കാരണത്താല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തര ആക്രമണം നടത്തി ഇസ്രായേല്‍ ചാരമാക്കുകയായിരുന്നു. നൂറുകണക്കിന് പേരാണ് ഇരു പട്ടണങ്ങളിലുമായി കൊലചെയ്യപ്പെട്ടത്.
പതിനായിരങ്ങള്‍ അഭയാര്‍ഥികളായി. സ്വന്തം വീട് നിലനിന്ന ഇടം പോലും തിരിച്ചറിയാനാവാത്ത വേദനയിലാണ് കുടുംബങ്ങള്‍. നാടുവിട്ട് ഓടിപ്പോന്നവര്‍ക്ക് ഇനിയും മടങ്ങിച്ചെല്ലാനായിട്ടില്ലാത്തതിനാല്‍ കല്‍ക്കൂമ്പാരമാക്കപ്പെട്ട അവശിഷ്ടങ്ങള്‍ക്കകത്ത് ആരൊക്കെയുണ്ടാകാമെന്നു പോലും അറിയില്ല.

ഇതിനു പുറമെയാണ് നാലുവശത്തും ഇസ്രായേല്‍ ഒരുക്കിയ പ്രതിരോധ കോട്ട. കിഴക്കന്‍ ഗസ്സയില്‍ പീരങ്കിപ്പടയും ടാങ്കുകളും നിലയുറപ്പിച്ചപ്പോള്‍ വടക്ക് സൈനിക ചെക്പോയിന്‍റുകളും പട്ടാളവും ശക്തമാണ്. ദക്ഷിണ ഗസ്സയില്‍ ഏക രക്ഷാമാര്‍ഗമായ റഫാ അതിര്‍ത്തി ഈജിപ്ത് സൈന്യം അടച്ചിട്ട് ഏറെയായി. പടിഞ്ഞാറ് ഗസ്സയുടെ കടലില്‍ അഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതിനപ്പുറം കടക്കുന്ന ബോട്ടുകള്‍ വെടിവെച്ചിടുമെന്നുറപ്പ്.
കുടുംബങ്ങള്‍ക്ക് കെട്ടിടം വാടകക്ക് നല്‍കിയിരുന്ന ഇസാം ദഗ്മൂഷിന് കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ കെട്ടിടമൊഴിയാന്‍ ഫോണില്‍ മുന്നറിയിപ്പ് നല്‍കിയത്. മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിടം ചാരമാക്കുകയും ചെയ്തു. ഇതോടെ 21 കുടുംബങ്ങളാണ് വഴിയാധാരമായത്.
ഒരിക്കലും ഹമാസ് ചെറുത്തുനില്‍പിന്‍െറ ഭാഗമാകാത്തവര്‍ പോലും ആക്രമിക്കപ്പെടുക വഴി ഗസ്സയിലെവിടെയും ജനം സുരക്ഷിതരല്ളെന്ന സന്ദേശമാണ് അധികൃതര്‍ നല്‍കുന്നത്. ഹമാസിനെതിരെ ജനം തിരിയണമെന്നും ഇസ്രായേല്‍ ആഗ്രഹിക്കുന്നുവെങ്കിലും ചെറുത്തുനില്‍പിന്‍െറ പ്രതീകമായി അവരെ ആഘോഷിക്കുകയാണ് മഹാഭൂരിപക്ഷവും.
കടപ്പാട് :മാധ്യമം
source: http://www.madhyamam.com/news/301052/140802

No comments:

Post a Comment